കറുത്ത പശു..!
























മഞ്ഞു തുള്ളിയും സൂര്യനും 

നക്ഷത്രങ്ങളില്ലാത്ത രാത്രിയിൽ നിനക്കൊപ്പം നിലാവ്‌ നനയണം..
മഞ്ഞു പെയ്യുമ്പൊ പരസ്പരം കനലുകളാകണം.. 
പുലരിയിൽ മഞ്ഞുതുള്ളിയും സൂര്യനുമാകണം...

പ്രണയം 

ചേമ്പിലക്കുമ്പിളിലെ 
വെള്ളത്തിലെ പരൽമീൻ..
വജ്ര ത്തിളക്കമാണ്‌ വെയിലു തട്ടുമ്പോൾ..
ഒരനക്കത്തിൽ 
അങ്ങനൊന്നുണ്ടായതിന്റെ ഓർമ്മ പോലുമില്ല


കറുത്ത പശു..!

കമ്പിവേലിക്കകത്ത്‌, 
തൊഴുത്തിൻ നിഴലിൽ നിന്നു പോലും
പുറത്താക്കപ്പെട്ട 
ഒരു
കറുത്ത പശു..!


വാക്കറ്റം :
വഴി നിറയെ പൂവുതിർന്നു കിടക്കുന്നു
നീ ഇറങ്ങിപ്പോയെന്ന്
ഇലയനക്കമില്ലാത്ത മരങ്ങൾ പിറുപിറുക്കുന്നു... !!

ചെമ്പരത്തിച്ചോപ്പ്‌
























തൊട്ടാവാടി

കൊടും വേനലിൽ 
ചിരിച്ച്‌ കൊണ്ട്‌ നിന്നവൾ.. 
ഒരോ അനക്കത്തിലും പിണങ്ങിയിരിക്കുന്നവൾ..!! 
തൊട്ടാവാടിക്കും നിനക്കും 
ഒരേ പേര്‌..


ചെമ്പരത്തിച്ചോപ്പ്‌

മുറിച്ചു മാറ്റുമ്പോഴേക്കുമിരട്ടിയായി
പൂക്കുന്നു പ്രണയത്തിന്റെ ചെമ്പരത്തിച്ചോപ്പ്‌..!!



വാക്കറ്റം :

നിന്റെ തീരത്ത്‌ 
എത്ര നാളുകൊണ്ടാണ്‌ പ്രണയത്തെ വരച്ചിട്ടത്‌. 
ഒരു തിര കൊണ്ടെത്രയെളുപ്പത്തിൽ 
മായ്ച്ചു കളയുന്നു നീ... 

മരം. അതെ വെറും മരം..!!
















നിഴലിൽ,
ഉടൽ നിറയെ ഉമ്മകളുമായി
വസന്തം പൊതിയുന്നു..
ഇലകൊഴിച്ചിട്ട ഓർമ്മയിൽ നിന്നും മരം ഉണരുന്നില്ല..
വസന്തം തിരിച്ചു നടന്നു
മരം. അതെ വെറും മരം..!!


ദേശാടനക്കിളി

ദേശാടനക്കിളി,
പറന്ന് നീങ്ങുന്നതിനിടയ്ക്ക്‌ 
മറന്ന് പോയതാകണം,
പഴയ കൂട്‌ കാത്തിരിക്കുന്നു. !




വാക്കറ്റം :

നമുക്കിടയിലെ കടൽ.. 
കുടിച്ച്‌ വറ്റിക്കാനുള്ളതേ ഉണ്ടായിരുന്നുള്ളൂ,
ഇന്നത്‌ മുങ്ങിച്ചാവാനുള്ളത്രയും... 

ഒറ്റ

















ഇന്നലെ ചെന്നിരുന്നു,
പണ്ട്‌ നാം
കൈകോർത്തു നടന്നിരുന്ന ഇടവഴികളിൽ
ഉമ്മകളുടെ ഓർമ്മകളുള്ള ഗോവണി പടിയിൽ
തോളുരുമ്മിയിരുന്നിരുന്ന കടൽത്തീരത്ത്‌...
എവിടെയും കണ്ടെടുക്കാനായില്ല,
നിനക്കൊപ്പം എന്നെ..!
എത്ര പെട്ടെന്നാണ്‌ നമ്മുടെ ഇടങ്ങളിൽ നിന്ന്
ഞാൻ മാത്രം പുറന്തള്ളപ്പെട്ടത്‌..


വാക്കറ്റം :
കണ്ടുകൊണ്ടിരിക്കെ തട്ടിയെഴുന്നേൽപ്പിച്ച്‌ 
സ്വപ്നം ചോദിക്കുന്നു
എന്നുമിങ്ങനെ മാത്രം കണ്ടാൽ മതിയോ
ജീവിതത്തിലേക്കെന്നെ വിളിച്ചിറക്കുന്നതെപ്പോഴാ..! 

പ്രണയത്തിലെ നിന്റെ പേരുള്ള പേജ്‌ !















എത്ര തവണ 
ഇളകി പോയാലും
ഒരു ചുംബനം കൊണ്ടൊട്ടിച്ചു ചേർക്കുന്ന,
പ്രണയത്തിലെ 
നിന്റെ പേരുള്ള പേജ്‌ !


ചോദ്യമുനകൾ കൊണ്ട്‌ 

ഊതി വീർപ്പിച്ചു വെച്ചിരിക്കുന്നതാണ്‌
ചോദ്യമുനകൾ കൊണ്ട്‌ 
പൊട്ടിച്ച്‌ കളയരുത്‌
പ്രണയത്തിന്റെ
വർണ്ണബലൂണുകളെ..!

വാക്കറ്റം :
ഏറ്റവുമൊടുവിലേത്തെ വാക്കിനെ കനലിൽ മുകളിലേക്കാണ്‌ 
തട്ടിയിട്ടത്‌ 
വെന്തു നീറി 
തീർന്നു പോയിട്ടുണ്ടാകണം 
ജീവിതം

പ്രണയവും യേശുവും തമ്മിൽ..























നിറഞ്ഞ്‌ കവിഞ്ഞൊഴുകിയിരുന്ന 
ഒരു പുഴ മെലിഞ്ഞുണങ്ങി
അപ്രത്യക്ഷമായിപ്പോകുന്ന പോലെ
തീർന്നു കൊണ്ടിരിക്കുന്നു 
പ്രണയം ..! 


പ്രണയവും യേശുവും തമ്മിൽ..


പ്രണയവും യേശുവും തമ്മിൽ..
ഒരാൾ നാളെ തള്ളിപ്പറയും എന്നത്‌
നേരത്തെ പറഞ്ഞുവെന്നതാണ്‌ സാമ്യം
അങ്ങേര്‌ മൂന്നാം നാൾ എണീറ്റ്‌ പോയി
ഞാനിപ്പോഴും കുരിശിൽ തന്നെയുണ്ടത്രെ..!!

വാക്കറ്റം :
പൂർത്തീകരിക്കാനാകാത്ത
വാക്കുറപ്പിന്റെ പകലുകൾ..
രാത്രികൾ കുമ്പസാരത്തിന്റെയും ..
ഇരുകരകളിൽ,
പരസ്പരം കണാതെ
രണ്ടാത്മാക്കൾ.. !!

മടുപ്പ്














മടുപ്പ്
 പറയാതെ അറിയേണ്ടതും
പറഞ്ഞിട്ടും അറിയാത്തതും കൂടി
ഒരു പുഴ തീർത്തിട്ടുണ്ട്‌,
മടുപ്പിന്റെ, വീതി കൂടി വരുന്ന
ഒഴുക്ക്‌ കുറഞ്ഞൊരു പുഴ

 വികർഷണം‬
ഏറെ അടുത്തപ്പോഴെങ്ങനെയോ
തിരിഞ്ഞു പോയതാകണം
അടുത്തെത്തുമ്പോഴെന്നും
അകന്നു പോകാൻ

വാക്കറ്റം :
മുറുകെ പിടിക്കുന്തോറും
വിരൽ വിടവിലൂടെ
ഊർന്നിറങ്ങി പോകുന്ന
മണൽ കയ്യുകൾ.. 

മഞ്ഞു വീഴ്ച






















 മഞ്ഞു വീഴ്ച
മഞ്ഞു വീഴ്ചയാണ്‌ ,
കനലുകൾ ചാരപ്പുതപ്പിനുള്ളിലേക്ക്‌
മുഖം പൂഴ്ത്താൻ തുടങ്ങിയിരിക്കുന്നു...
 പ്രണയം വിറങ്ങലിച്ച്‌
മരിച്ച്‌ പോയിട്ടുണ്ടാവണം.

ജീവിതം
തുലാസിലല്ല
തുലാസാണ്‌ ജീവിതം
കനം കൊണ്ട വാക്കിനു
താണു കൊടുക്കേണ്ടവൻ..

വാക്കറ്റം :
കനലെരിഞ്ഞു തീർന്നിട്ടും
മണൽച്ചൂട്‌ കൊണ്ടൊരു
മഞ്ഞുരുക്കം..

മഷിത്തണ്ടിന്റെ കൂട്ടുകാര്‍